തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം.ഇസ്ലാമിൽ ലിംഗ വിവേചനമില്ലെന്നും ,സ്ത്രീകൾ പുറത്തിറങ്ങരുതെന്നു എവിടെയും പറയുന്നില്ലെന്നും പാളയം ഇമാം പറഞ്ഞു.വെള്ളിയാഴ്ച്ച ജുമാ പ്രസംഗത്തിലാണ് വി.പി സുഹൈബ് മൗലവിയുടെ പ്രതികരണം.
ഡോ.വി പി സുഹൈബ് മൗലവിയുടെ വാക്കുകൾ ഇങ്ങനെ
ഇസ്ലാമിലെ സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നിൽ കൂടുതൽ തവണ ഈ വിഷയം നമ്മൾ ചർച്ച ചെയ്തുകഴിഞ്ഞു. പക്ഷെ വീണ്ടും ചർച്ചചെയ്യാനും നിലപാട് പറയാനുമായി പ്രേരിപ്പിക്കുന്ന സാമൂഹിക സാഹചര്യമാണ് നിലനിൽക്കുന്നത്. ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതു പങ്കാളിത്തത്തിനോ ഒരിക്കലും എതിരല്ല. പക്ഷെ വിശ്വാസികൾ എന്ന നിലയിൽ ഇസ്ലാമിക മാർഗനിർദേശങ്ങൾ ഉൾകൊണ്ടും പാലിച്ചുകൊണ്ടുമാണ് സ്ത്രീകളും പുരുഷന്മാരും രംഗപ്രവേശം ചെയ്യേണ്ടത്. അതാണ് നാം പറഞ്ഞതും പറയാൻ പോകുന്നതുമായ നിലപാടിന്റെ രത്നച്ചുരുക്കം.
ഒരു വശത്ത് തീവ്രമായ യാഥാസ്ഥിതിക നിലപാട്, അരുതുകളുടെ നിലപാട് മറുവശത്ത് ലിബറലിസത്തിന്റെ നിലപാട്. ഇസ്‌ലാമിന്റെ നിലപാട് എന്ന് പറയുന്നത് ഈ യാഥാസ്ഥിതിക ലിബറൽ നിലപാടുകളുടെ മധ്യേയാണ്. മധ്യമ സമൂഹമാണ് ഇസ്‌ലാം. ഖുർആനിൽ എപ്രകാരമാണോ പറയുന്നത് അത് അതുപോലെ തന്നെ സമൂഹത്തിന് കൈമാറ്റം ചെയ്യുക. അനാവശ്യമായ നിയന്ത്രണങ്ങൾ ആവശ്യമില്ല. പക്ഷെ ദീനിയായ മാർഗനിർദേശങ്ങൾ ഖുർആൻ മുന്നോട്ട് വെക്കുന്നത് അവഗണിക്കാൻ സാധിക്കില്ല. ആ ഒരു രീതിയിലുള്ള നിലപാടുമായി മുന്നോട്ട് പോകുക എന്നുള്ളതാണ് ഇസ്‌ലാമിക സമൂഹം ഈ വിഷയത്തിലും സ്വീകരിക്കേണ്ട നയം.അല്ലാഹുവിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് എല്ലാ രംഗത്തും സ്ത്രീകളും പുരുഷന്മാരും പ്രവർത്തിക്കേണ്ടത്. അതാണ് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നതും. പാളയം ഇമാം പറഞ്ഞു.

