മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1,44,50,000 (ഒരു കോടി നാൽപ്പത്തിനാല് ലക്ഷത്തി അൻപതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം KA 13 Z 9121 നമ്പർ കാറിൽ സഞ്ചരിക്കവേയാണ് ഇവർ വലയിലായത്.
തിരുനെല്ലി എസ്.ഐ. എം.സി പവനൻ, സി.പി.ഒ മാരായ ജിതിൻ, ജോബിൻസ് എന്നിവരും വയനാട് ജില്ലാ ഡാൻസാഫ് (DANSAF) ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മൂവർക്കും കഴിയാതിരുന്നതിനെ തുടർന്ന് പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്

