നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ റെയിൽവേ അടിയന്തര ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന അതീവ തിരക്കുള്ള രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കോഴിക്കോട് സ്റ്റേഷന്റെ മുഖവും മുഖ്യ ആകർഷണവുമായിരുന്ന ക്ലോക്ക് ടവർ തകർന്നുവീണതെന്നും, ഒരു വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും എം പി ചൂണ്ടിക്കാട്ടി.
ക്ലോക്ക് ടവറിന് സമീപത്തെ പൈലിംഗ് പ്രവൃത്തികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവറിന്റെ ഘടനാ സ്ഥിരതയെ ബാധിച്ചിരുന്നോ എന്ന് റെയിൽവേ വ്യക്തമാക്കണം. പൈതൃകപരമായ ക്ലോക്ക് ടവറിന് സമീപം സ്റ്റേഷൻ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചെയ്യുന്ന പൈലിംഗ് പ്രവൃത്തികൾ മറ്റുള്ള നിർമ്മിതികൾക്ക് കേടുപാടുകൾ പറ്റുന്നില്ല എന്ന് ഉറപ്പാക്കാൻ കരാർ കമ്പനി എന്ത് മുൻ കരുതലുകൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും എം പി ആവശ്യപ്പെട്ടു.
ഒരു പൈതൃക കെട്ടിടത്തിന് സമീപം യാതൊരുവിധ മുൻകരുതലുകളും ഒരുക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനി അധികൃതരുടെ നടപടി തികഞ്ഞ അനാസ്ഥയാണ്. വേണ്ടത്ര ജീവനക്കാരും സാമഗ്രികളുമില്ലാതെ നടത്തുന്ന പ്രവൃത്തികളും, ഉപകരാർ നൽകി നിർമ്മാണം നടത്തുന്ന കമ്പനിക്ക് യഥാസമയം നിർമ്മണ ചെലവ് കൈമാറാതെയുള്ള മാതൃ കമ്പനിയുടെ മെല്ലെപോക്ക് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ലെന്ന് എം പി വ്യക്തമാക്കി.
കമ്പനിയെ അടിയന്തരമായി കരിമ്പട്ടികയിൽപ്പെടുത്തി മറ്റൊരു ഏജൻസിയെ നിർമ്മാണമേൽപ്പിക്കാൻ റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും എംപി കൂട്ടിച്ചേർത്തു.

