അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.
ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്. പ്രഥമ ദൃഷ്ട്ടിയാൽ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതി ഉത്തരവിൽ പറയുന്നു. നീന കുറുപ്പിന്റെ മൊഴി കേസിൽ നിർണായകമായി. BNS173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. പൊലീസ് തന്നോട് കാണിച്ചത് വലിയ അനീതിയാണെന്ന് അൻസിബ പ്രതികരിച്ചു.
ജിഹാദി എന്നടക്കം വിളിച്ച് ടിനി ടോം അതിക്ഷേപിച്ചെന്നായിരുന്നു അൻസിബ ഹസന്റെ പരാതി. വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച ടിനി ടോമിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അൻസിബ കടവന്ത്ര പോലീസിനെ സമീപിച്ചത്. എന്നാൽ കേസ് എടുക്കാനുള്ള തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പിന്നാലെ അൻസിബ കോടതിയെ സമീപിച്ചു. ആൻസിബയുടെ സ്വകാര്യ ഹർജിയിൽ വിശദമായ വാദം കേട്ട എറണാകുളം ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
അമ്മ സംഘടനയിലെ തർക്കമാണ് കോടതി വരെ എത്തിയത്. ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. നടി ലക്ഷ്മി പ്രിയ ശ്വേത മേനോൻ എന്നിവർക്കെതിരെയും അൻസിബ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ കേസ് എടുത്തിട്ടില്ല.

