Thu. Jun 18th, 2026

നവചേതന പദ്ധതി – കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകള്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണ് അഞ്ചാം ഘട്ട പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണ്‍ ആയി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൂണ്‍ 25നകം പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും. പട്ടിക ജാതി ഉന്നതികള്‍ കേന്ദ്രീകരിച്ച് നാല്, ഏഴ് തുല്യതാ പഠിതാക്കളെ കണ്ടെത്താന്‍ ഗൂഗിള്‍ ഷീറ്റ് വഴിയുള്ള സര്‍വ്വേ ജൂണ്‍ 30നകം പൂര്‍ത്തീകരിക്കും. പഠിതാക്കളുടെ ലിസ്റ്റ് ജൂലൈ 1ന് പ്രസിദ്ധീകരിക്കും. നാല്, ഏഴ് തുല്യതാ ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 25നകം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ജൂലൈ അഞ്ചിനകം ജില്ലാതലത്തില്‍ പരിശീലനം നല്‍കും. ജൂലൈ ആദ്യവാരം പ്രവേശനോത്സവം നടത്തി ക്ലാസുകള്‍ ആരംഭിക്കും. 2027 ഫെബ്രുവരി മാസം പരീക്ഷ നടത്തി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ പദ്ധതി വിശദീകരിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ മാത, മാനന്തവാടി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് കെ.എസ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാജിത നൗഷാദ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അംഗം ശില്‍പ ആന്റണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം ഷമീര്‍ തുരുത്തിയില്‍, സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *